കാസർഗോഡ്: കെഎസ്ഇബിയിലെ ലൈൻമാൻമാർക്കും കരാർ ജീവനക്കാർക്കും പ്രായോഗിക പരിശീലനം നൽകുന്നതിനായി ജില്ലയിൽ പ്രഖ്യാപിച്ച സംസ്ഥാനതല സേഫ്റ്റി ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് കടലാസിലൊതുങ്ങുന്നു.
മൈലാട്ടി 220 കെവി സബ് സ്റ്റേഷനു സമീപം പഴയ ഡീസൽ വൈദ്യുത നിലയത്തിന്റെ കെട്ടിടങ്ങൾ ഉപയോഗപ്പെടുത്തി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനായിരുന്നു പദ്ധതി. ഇതിനുള്ള അടിസ്ഥാനസൗകര്യമൊരുക്കാനും ഉപകരണങ്ങൾ വാങ്ങാനുമായി 88 ലക്ഷം രൂപയുടെ അടങ്കൽ തയ്യാറാക്കിയെങ്കിലും പദ്ധതിക്ക് ഇതുവരെ കെഎസ്ഇബി ഡയറക്ട്ർ ബോർഡിന്റെ അംഗീകാരം ലഭിച്ചിട്ടില്ല. കെഎസ്ഇബിയിലെ എൻജിനിയർമാർക്കും ഓഫീസർമാർക്കുമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മികച്ച സൗകര്യമുള്ള പരിശീലനകേന്ദ്രങ്ങളുണ്ടെങ്കിലും അപകടകരമായ ജോലികൾ നേരിട്ടു ചെയ്യേണ്ടിവരുന്ന താഴെത്തട്ടിലെ ജീവനക്കാർക്ക് മതിയായ പരിശീലന സംവിധാനങ്ങളില്ല.
കടുത്ത ജോലിഭാരത്തിനിടയിൽ പലപ്പോഴും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ജോലിചെയ്യാൻ ലൈൻമാൻമാരും കരാർ ജീവനക്കാരും നിർബന്ധിതരാവുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇവർക്ക് കൃത്യമായ പരിശീലനം നൽകുന്നതിനായി ഒരു കേന്ദ്രം സ്ഥാപിക്കാൻ മൂന്നുവർഷം മുമ്പ് കെഎസ്ഇബിയുടെ സംസ്ഥാനതല സുരക്ഷാസമിതിയും ചീഫ് സേഫ്റ്റി കമ്മീഷണറും വിവിധ സംഘടനകളും നിർദേശം മുന്നോട്ടുവച്ചത്. മൈലാട്ടിയിലെ സ്ഥലമാണ് ഇതിനായി കണ്ടെത്തിയത്. ഈ സ്ഥലം ഇപ്പോൾ കാടുപിടിച്ചു കിടക്കുകയാണ്.
കഴിഞ്ഞ ദിവസം ജില്ലയിൽ തന്നെ ഒരു ലൈൻമാൻ ജോലിക്കിടയിൽ ഷോക്കേറ്റു മരിച്ച സാഹചര്യത്തിലാണ് സേഫ്റ്റി ഇൻസ്റ്റിറ്റ്യൂട്ട് എന്ന ആവശ്യം വീണ്ടും ഉയർന്നുവന്നത്. പുതിയ സർക്കാരും മന്ത്രി സണ്ണി ജോസഫും ഇക്കാര്യത്തിൽ മുൻകൈയെടുക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.